02 May, 2017

അധ്യാപക പരിശീലനം- വിലയിരുത്തുന്നതിന്‍റെ   ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി.എം സദാനന്ദന്‍ വിവിധ ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍
24 April, 2017

മികവ് കൂട്ടാന്‍ എം.എല്‍.എ യും

അധ്യാപക പരിശീലന കേന്ദ്രത്തിൽ അധ്യാപകർക്ക് ആവേശം പകരാൻ എം.എൽ.എ    
          അധ്യാപകരുടെ അവധിക്കാല പരിശീലനം വീക്ഷിക്കാനും  അധ്യാപകരിൽ ആത്മവിശ്വാസം വളർത്താനും  തൃക്കരിപ്പൂർ എം എൽ എ   എം രാജ ഗോപാലനാണ് ചന്തേര ജിയുപി സ്കൂളിലെ പരിശീലനം സന്ദർശിക്കാനെത്തിച്ചേർന്നത്.     

            അപ്പർ പ്രൈമറി                                                    വിഭാഗത്തിലെ അഞ്ച്  വിഷയാധിഷ്ഠിത പരിശീലന ഹാളു ളും സന്ദർശിച്ച  ജനപ്രതിനിധി  ഐ സി ടി സാധ്യതകളും മറ്റും  കൂടുതൽ  ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ പരിശീലന രീതിയിൽ നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.
        പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ ഇടപെടൽ നടത്തേണ്ടതും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ മുഖ്യപങ്ക് വഹിക്കേണ്ടതും അധ്യാപകർ തന്നെയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
        മലയാളം    വിഷയാധിഷ്ഠിത പരിശീലനത്തിൽ വ്യവഹാര രൂപം എന്ന നിലയിൽ  പ്രഭാഷണത്തെ വിലയിരുത്തുന്ന ഘട്ടത്തിലെത്തിയ പ്രഭാഷകൻകൂടിയായ എം എൽ.എ പ്രഭാഷണത്തിന്റെ ശക്തി ദൗർബല്യങ്ങൾ അധ്യാപകരുമായി പങ്കുവെച്ച് പരിശീലനത്തിൽ പങ്കാളിയുമായി.  
      ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ, ബിപിഒ  കെ നാരായണൻ, ചന്തേര ജി യുപി സ്കൂൾ പ്രഥമ ധ്യാപകൻ പി രാജൻ, പരിശീലകരായ പി വി ഉണ്ണി രാജൻ, പി വേണുഗോപാലൻ, പി കെ സരോജിനി എന്നിവർ സംസാരിച്ചു.
21 April, 2017

അക്കാദമിക മികവ് , വിദ്യാലയ മികവ്

 'പൊതു വിദ്യാലയങ്ങൾ
മികവിന്റെ കേന്ദ്രങ്ങൾ'

.... പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി കേരള സർക്കാർ മുന്നോട്ടുവെച്ച ഈ  മുദ്രാവാക്യങ്ങൾ പൊതു സമൂഹം ഒന്നടങ്കം നെഞ്ചേറ്റുമ്പോൾ, അവധിക്കാല പരിശീലനത്തിലൂടെ അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപക സമൂഹം.

    ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി പരിഗണിച്ച് കുട്ടിയുടെ എല്ലാ വിധ കഴിവുകളും വികസിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിയെടുക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുകയാണ് ഈ വർഷത്തെ അവധിക്കാല പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യം. 
      ചെറുവത്തൂർ ബി.ആർ.സിയിൽ 
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി. സ്കൂളിൽ  ആരംഭിച്ച എൽ.പി.
അധ്യാപകർക്കുള്ള
 ആദ്യ ഘട്ട പരിശീലനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം കെ.രാമചന്ദ്രൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ  പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ പരിശീലനത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും വിശദീകരിച്ചു. ബി.പി.ഒ. കെ.നാരായണൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സി.എം. മീനാകുമാരി നന്ദിയും പറഞ്ഞു.
     8 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം ഏപ്രിൽ 26ന് സമാപിക്കും. 150 അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
10 April, 2017

യു.പി അധ്യാപകര്‍ക്കുള്ള ഐ .സി. ടി പരിശീലനം ആരംഭിച്ചുപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ്മുറികൾ ഹൈടെക്  ആകുമ്പോൾ, വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട  പഠനബോധന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കേരളത്തിലെ മുഴുവൻ അധ്യാപകരെയും പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി.യു.പി.വിഭാഗം അധ്യാപകർക്കുള്ള 4 ദിവസത്തെ ഐ.സി.ടി പരിശീലനത്തിന്റെ ആദ്യഘട്ടം ഏപ്രിൽ 10, 11, 12,17 തീയ്യതികളിലായി ബി.ആർ.സി. തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രണ്ടും  മൂന്നും ഘട്ട പരിശീലനങ്ങൾ  ഏപ്രിൽ 18-21, 24-27 തീയ്യതികളിൽ ഇതേ കേന്ദ്രങ്ങളിൽ  നടക്കും. ഇതിന്റെ തുടർച്ചയായി 4 ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനം കൂടിയാകുമ്പോൾ മുഴുവൻ കുട്ടികളെയും പഠന മികവിലേക്ക്  നയിക്കാൻ പാകത്തിൽ ക്ലാസ്സ് റൂം പ്രവർത്ത നങ്ങൾ ആസൂത്രണം ചെയ്യാൻ അധ്യാപകർക്ക് കഴിയും. 
     പൊതു വിദ്യാലയങ്ങളെ  മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയെന്ന സർക്കാറിന്റെ  പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുള്ള കർമ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ഇത്തവണത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ നൂറു ശതമാനം പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തയ്യാറെടുപ്പ് കാലേകൂട്ടി  നടത്തിയിരുന്നു.
    എൽ.പി.അധ്യാപകർ ക്കുള്ള പരിശീലനം ഏപ്രിൽ 18 ന് വിവിധ ബി.ആർ.സി.കളിൽ ആരംഭിക്കും.
     ചെറുവത്തൂർ ഉപജില്ലയിൽ GHSS പിലിക്കോട്, GUPS ചന്തേര, GHSS ഉദിനൂർ, GHSS സൗത്ത് തൃക്കരിപ്പൂർ എന്നീ കേന്ദ്രങ്ങളിൽ ആരംഭിച്ച  ആദ്യഘട്ട ഐ.സി.ടി. പരിശീലനത്തിൽ 100 അധ്യാപകരാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ബി.ആർ.സി.യിൽ ബി.പി.ഒ  കെ.നാരായണൻ നിർവഹിച്ചു. പരിശീലകരായ താജുദീൻ.വി.പി, ജാഫർ.ടി.എം എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
         മറ്റു കേന്ദ്രങ്ങളിൽ നടന്ന പരിശീലനങ്ങൾക്ക് ഐ.ടി.@ സ്കൂൾ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്റർ സുവർണൻ.പി.പി, അധ്യാപകരായ വത്സരാജ് .സി .പി ,
വിജയൻ.സി.വി, ദീപ.കെ.വി, നാരായണൻ മുണ്ടയിൽ, ജാബിർ എന്നിവർ നേതൃത്യം നൽകി.

അവധിക്കാല അധ്യാപക പരിശീലനം സമയവിവരപ്പട്ടിക

   

Lettr Form by Razeena Shahid on Scribd

01 April, 2017

സ്നേഹതീരം ബോട്ടിലൂടെ ഒരു സ്നേഹ യാത്ര


ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വീട്ടിൽ ഇരുന്നു.കിടന്നും മാത്രം ലോകത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന പ്രത്യേക പരിഗണനയും കൈത്താങ്ങും സ്റ്റേഹവും ആവശ്യമുള്ള ദൈവത്തിന്റെ പ്രത്യേക
കരസ്പർശമുള്ള കുഞ്ഞു മക്കളും അവരുടെ അമ്മമാരും ബി ആർ സി യിലെ അധ്യപികമാരും കവ്വായി കായലിലൂടെ സ്റ്റേഹതീരം ബോട്ടിൽ നടത്തിയ യാത്ര ഈ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. ചുറ്റുപാടുള്ള കാഴ്ചകൾ കണ്ടും പട്ടുപാടി ഉല്ലസിച്ചും യാത്ര ആസ്വദിച്ച കുട്ടികളുടെ കണ്ണിൽ വിരിഞ്ഞ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.14 March, 2017

പഞ്ചായത്ത്തല മികവുല്സവം 11.03. 2016

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ബി.ആർ.സി.പരിധിയിലെ 6 പഞ്ചായത്തുകളിലും ഒറ്റ ദിവസം ( 11.03.2017 ന്) നടന്ന പഞ്ചായത്തുതല മികവുത്സവങ്ങളെ ഞാൻ ഇങ്ങനെ വിലയിരുത്തട്ടെ.


.........................................
 1. രണ്ടാംശനിയാഴ്ച യായിട്ടും വിദ്യാലയങ്ങ ളുടെ  പൂർണ പങ്കാളിത്തം. പ്രധാനാധ്യപകൻ, അധ്യാപകപ്രതിനിധി, PTA, MPTA പ്രസിഡണ്ടുമാർ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, കുട്ടികൾ ഉൾപ്പെടെ 10 അംഗ ടീം ആണ്  ഓരോ വിദ്യാലയത്തിൽ നിന്നും പങ്കെടുത്തത്.

2. മികവ് പ്രബന്ധം, പ്രസന്റേഷൻ സി.ഡി, മികവ് പാനലുകൾ, തെളിവുകളായി വിവിധ ഉല്പന്നങ്ങൾ ..ഇവയാണ് ഓരോ വിദ്യാലയവും കൊണ്ടു വന്നത്.പാനൽ പ്രദർശനം ഒരുക്കിയ ശേഷം ഓരോ വിദ്യാലയത്തിന്റെയും അവതരണം (1O മിനുട്ട്), അവതരണത്തിൻമേൽ മറ്റു വിദ്യാലയങ്ങളുടെ ചർച്ച (10 മിനുട്ട്), എല്ലാ അവതരണങ്ങൾക്കും ശേഷം ഓരോ വിദ്യാലയത്തിൽ നിന്നും ഒരു പ്രതിനിധിയെ ഉൾപ്പെടുത്തിയുള്ള പാനൽ ചർച്ച (മികവുകളുടെ പരസ്പര വിലയിരുത്തലും പങ്കുവെക്കലും ആയിരുന്നു ലക്ഷ്യം... വിലയിരുത്തൽ ഫോർമാറ്റ് രജിസ്ട്രേഷൻ സമയത്തു തന്നെ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിരുന്നു.)

3.ഏറെക്കുറെ പൂർണ സമയ പങ്കാളിത്തം. രാവിലെ 9 മണിക്കു മുമ്പുതന്നെ  ഓരോ വിദ്യാലയത്തിൽ നിന്നും എത്തിയ  ടീം മികവുത്സവ കേന്ദ്രങ്ങളിൽ നിന്നും മടങ്ങിയത് 5 മണിക്കു ശേഷം മാത്രം.

4.മികവുകൾ വിലയിരുത്താനുള്ള പാനൽ ചർച്ച നല്ല തുടക്കം. എല്ലാ വിദ്യാലയങ്ങ ളിലെയും ഓരോ പ്രതിനിധി വീതം പങ്കെടുത്ത പാനൽ ചർച്ച കൂടുതൽ മെച്ചപ്പെടു ത്തലുകളോടെ തുടരേണ്ട നല്ല മാതൃക.
5.ഏതെങ്കിലും  വിദ്യാലയത്തിന്റെ മികവ് മെച്ചമെന്ന് എടുത്തു പറഞ്ഞ് വിലയിരുത്താൻ പലർക്കും മടി.. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത !

6.വിധി നിർണ്ണയം, ഫലപ്രഖ്യാപനം, സമ്മാനം... മികവുത്സവം  ഇങ്ങനെ തന്നെ വേണമെന്ന് ചിലർ.

7.പങ്കു വെക്കലിലൂടെ നല്ല ഊർജ്ജം ലഭിക്കുന്നു എന്ന കാര്യത്തിൽ പൊതുവെ എല്ലാവരും ഒരേ അഭിപ്രായക്കാർ.

8. വിദ്യാലയ മികവുകൾ സൂചകങ്ങൾ വെച്ച് പരസ്പരം വിലയിരുത്തി സ്കോർ ചെയ്യാൻ പലർക്കും മടി. (ഇതൊക്കെ പുറമെ നിന്നുള്ള വിദഗ്ദ്ധ ജഡ്ജ് മാർ തന്നെ ചെയ്യണമെന്ന ധാരണയിലാണ് ഇവർ).സമ്മാനം നൽകാനല്ല, മാതൃകയാക്കേണ്ട മികവുകൾ ഏതൊക്കെയാണെന്ന് എടുത്തു പറയാനാണ്- പങ്കുവയ്ക്കപ്പെടേണ്ടവ കണ്ടെത്താനാണ് - ഈ വിലയിരുത്തൽ എന്നു പറഞ്ഞിട്ടും ചിലർ അവരുടെ നിലപിടൽ ഉറച്ചു നിന്നു, ചില കേന്ദ്രങ്ങളി ലെങ്കിലും.

9.തുടക്കം മുതൽ ഒടുക്കം വരെ ഏതാണ്ട് എല്ലാ വിദ്യാലയങ്ങളും മികവുത്സവ കേന്ദ്രത്തിൽ ഉണ്ടായി എന്നത് 10 വർഷത്തെ മികവുത്സവ അനുഭവത്തിൽ ആദ്യം.... ഇതിൽ ഏറെ സന്തോഷം.


 10.ആദ്യാവസാനം പരിപാടിയിൽ പങ്കെടുത്ത് മികവുത്സവം വൻ വിജയമാക്കിത്തീർത്ത വിദ്യാലയ ടീമുകൾക്കും, ബി.ആർ.സിയിലെ സഹപ്രവർത്തകർക്കും, ജനപ്രതിനിധികൾക്കും ആത്മാർഥമായ അഭിനന്ദനം... നന്ദി.

11. അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടേണ്ട മികവുകൾ ഏതൊക്കെയാണെന്ന് പ്രബന്ധങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയും,
 പാനൽ ചർച്ചയിലെ നിർദേശങ്ങളും വിലയിരുത്തലും പരിഗണിച്ചും, ജില്ലയുടെ അംഗീകാരത്തോടെ അതത് വിദ്യാലയങ്ങളെ രണ്ടു ദിവസത്തിനകം അറിയിക്കും. ഇവരുടെ പ്രത്യേക യോഗം വിളിച്ച് മികവുകൾ മെച്ചപ്പെടുത്താനാവശ്യമായ  പിന്തുണ നൽകും.( ഒരു മേഖലയിലെ സവിശേഷമായ ഇടപെടലും, അതുവഴിയുണ്ടാകുന്ന നേട്ടങ്ങളും ,തുടർ പ്രവർത്തന സാധ്യതകളും ഫോക്കസ് ചെയ്ത് അവതരിപ്പിക്കുന്ന തലത്തിലേക്ക് മികവ് പ്രബന്ധങ്ങൾ, അവതരണരീതി, പാനൽ പ്രദർശനം തുടങ്ങിയവ മാറേണ്ടതുണ്ട്.)

12.ആറു കേന്ദ്രങ്ങളിലെയും മികവുത്സവ സംഘാടനം ഒന്നിനൊന്നു മെച്ചം... ജനകീയ കൂട്ടായ്മയുടെ ഈ ഉദാത്ത മാതൃക പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആവേശം പകരും, തീർച്ച.
                         ബി .പി.ഒ             
                                        ബി.ആര്‍.സി. ചെറുവത്തൂര്‍


01 March, 2017

സർഗാത്മക നാടക ക്യാമ്പ് @ ജി.യു.പി.എസ് പാടിക്കീല്‍

 നാടകത്തെ പഠനപ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ച് പഠനം മധുരതരമാക്കാൻ നാടക ക്യാമ്പ്. സർവശിക്ഷാ അഭിയാൻ ബി ആർ സി ചെറുവത്തൂരിന്റെ ആഭിമുഖ്യത്തിൽ പാടിക്കീൽ ജി യു പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗാത്മക നാടക ക്യാമ്പാണ് നവ്യാനുഭവം സമ്മാനിച്ചത്.                           വീട്ടിലും വിദ്യാലയത്തിലും പൊതു ഇടങ്ങളിലും കടന്നു വരുന്ന നാടകീയ മുഹൂർത്തങ്ങളെ കണ്ടെത്തി, കോർത്തിണക്കിയായിരുന്നു ക്യാമ്പിലെ വിവിധ സെഷനുകൾ ഒരുക്കപ്പെട്ടത്. ക്യാമ്പിന്റെ ഭാഗമായി നിരവധി ചരിത്ര സംഭവങ്ങൾക്കും കുട്ടികൾ രംഗഭാഷ്യമൊരുക്കി. രജിൻ കുമാർ ഓർക്കുളം അവതരിപ്പിച്ച   ശ്യാമം    എന്ന ഏകപാത്ര നാടകവും കൊടക്കാട് ഉദയ കലാസമിതിയുടെ ജാതിമരം പൂക്കുമ്പോൾ എന്ന തെരുവ് നാടകവും കുട്ടികൾക്ക് നാടകത്തോട് ഏറെ അടുക്കാനുള്ള അവസരം. ഒരുക്കപ്പെട്ടു.            ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം വിജയൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ ദാമോദരൻ മുഖ്യാതിഥിയായിരുന്നു. മെമ്പർ വി പി രാജീവൻ, ബി പി ഒ   കെ നാരായണൻ, പ്രധാനാധ്യാപകൻ വി ദാമോദരൻ, സി വി നാരായണൻ, കെ പി ശ്രീധരൻ, പി ടി പ്രിയ, പി പി രമേശൻ, കെ സി മാധവൻ, കെ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽപിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി ശ്രീധരൻ മുഖ്യാതി ഴി യാ യി രു ന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം കുഞ്ഞിരാമൻ, ട്രെയിനർമാരായ പി വേണുഗോപാലൻ, കെ എച്ച് സുഹ്റാബി എന്നിവർ സംസാരിച്ചു.എൻ രഘുനാഥൻ അടുത്തില, കെ കെ ശ്രീജിത്ത് കുറ്റ്യാട്ടൂർ, ഇ വി സന്തോഷ് കുമാർ മാടായി എന്നിവർ ക്ലാസെടുത്തു.

സ്വയം പഠിച്ചും ചെയ്തറിഞ്ഞും വിദ്യാർഥികൾ

 സ്വയം പഠിച്ചും ചെയ്തറിഞ്ഞും ഗണിതം ബാലികേറാമലയല്ലെന്ന് തെളിയിച്ച് വിദ്യാർഥികൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പിലിക്കോട് ജി യു പി സ്കൂളിൽ സംഘടിപ്പിച്ച ഗണിതോത്സവമാണ് കണക്കിന്റെ കുരുക്കഴിച്ച് പഠനം മികവുറ്റ അനുഭവമായിത്തീർന്നത്.         കുട്ടികളിൽ ഗണിതാവബോധം വളർത്താനും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ട് ഗണിതപഠനം കൂടുതൽ ആസ്വാദ്യകരമാക്കാനുമാണ് ഗണി തോൽസവം ഒരുക്കിയത്.
      സ്‌കൂളിലെസ്റ്റേജിലും ചുറ്റുമതിലിലും ചുമരുകളിലും ക്ലാസ് മുറികളിലും ഗണിത ചിന്തയെ ഉദ്ദീപിപ്പിക്കുന്ന വർണചിത്രങ്ങളും കളങ്ങളും വരച്ചുവെച്ച് വിദ്യാലയത്തെ രണ്ടുനാൾ മുമ്പുതന്നെ ഉത്സവ വേദിയാക്കിത്തീർത്തിരുന്നു. ചിത്രകലാധ്യാപകരായ സാജൻ ബിരിക്കുളവും ശ്യാമപ്രസാദുമായിരുന്നു വർണങ്ങളിലൂടെയും വരകളിലൂടെയും ഉത്സവത്തിമിർപ്പ് സൃഷ്ടിച്ചത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുക  എന്ന ലക്ഷ്യമുയർത്തി സംഘടിപ്പിക്കുന്ന ബി ആർ സി തലത്തിലുള്ള രണ്ടുനാൾ നീണ്ട പരിപാടിയിൽ ഉപജില്ലയിലെ യു പി വിഭാഗത്തിലുള്ള 40 ഗണിതാധ്യാപകരും 10 സ് പെഷ്യലിസ്റ്റ് അധ്യാപകരും ആതിഥേയ വിദ്യാലയത്തിലെ കുട്ടികളുമാണ് പങ്കെടുക്കുന്നത്.പി വി ഉണ്ണി രാജൻ, അശോകൻ മടയമ്പത്ത്, സി വി ഗോവിന്ദൻ ,സി സുരേശൻ, സി എച്ച് സന്തോഷ് എന്നിവരാണ് പരിശീലകർ. ഉപ ജില്ലയിലെ 32 യു പി വിദ്യാലയങ്ങളിലും ഗണിതോത്സവം ,ശാസ് ത്രോത്സവം എന്നിവ ഇതിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്നതാണ്.               പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി സുധാകരൻ അധ്യക്ഷനായിരുന്നു.ബി പി ഒ   കെ നാരായണൻ, കെ പ്രീതി, കെ കെ ഗീതാ രത്നം, പി വി ഉണ്ണി രാജൻ, മുരളീകൃഷ്ണ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ടി വി രവീന്ദ്രൻസ്വാഗതവും കെ വി ആദിത്യൻ നന്ദിയും പറഞ്ഞു.വ്യാഴാഴ്ച സമാപിക്കും.


15 February, 2017

ശാസ്ത്ര വിജ്ഞാനത്തിന്‍റെ പുതിയ വഴികള്‍ തേടി ...


ചെറുവത്തൂർ: അധ്യാപക പരിശീലനത്തിൽ പുതുവഴികൾ തേടി ചെറുവത്തൂർ ഉപജില്ലാതല ശാസ്ത്രോത്സവത്തിന് ആലന്തട്ട എ.യു.പി.സ്കൂളിൽ തുടക്കമായി. രസകരവും ചിന്തോദ്ദീപകവുമായ പ്രവർത്തനങ്ങളിലൂടെ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ശാസ്ത്ര പഠനത്തിൽ കൂടുതൽ തല്പരരാക്കുന്നതിനായി സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത സ്കൂൾ തല ശാസ്ത്രോത്സവങ്ങൾക്കു മുന്നോടിയായാണ് ശാസ്ത്രാധ്യാപകർക്കുള്ള പരിശീലനം. പ്രകൃതി പ്രതിഭാസങ്ങളെയും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ശേഷി കുട്ടികളിൽ രൂപപ്പെടുമ്പോഴാണ് ശാസ്ത്ര പഠനം സാർഥകമാകുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയിലുടെ പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള പ്രായോഗികാനുഭവമാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നത്. ഉപജില്ലയിലെ 32 വിദ്യാലയങ്ങളിലെ അധ്യാപകർക്കൊപ്പം ആലന്തട്ട, നാലിലാംകണ്ടം സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 100 കുട്ടികളും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപകരണങ്ങൾ നിർമിക്കുന്നതിനും, ചെറുസംഘങ്ങളായി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും, വിലയിരുത്തുന്നതിനു മുള്ള അവസരങ്ങൾ മുഴുവൻ കുട്ടികൾക്കും ലഭിക്കും. തത്സമയ പിന്തുണയും യുക്തിചിന്ത യിലൂന്നിയ വിശകലന


ചോദ്യങ്ങളുമായി ഓരോ സംഘത്തിനൊപ്പവുംരണ്ടോ മൂന്നോ  അധ്യാപകർ ഉണ്ടാകും വിധമാണ് സംഘ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ഉല്പന്നങ്ങളുടെയും, അനുബന്ധമായി ഒരുക്കിയ വൈവിധ്യമാർന്ന പാനലുകളുടെയും പ്രദർശനം കാണാൻ വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ എത്തും.
       കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കയനി കുഞ്ഞിക്കണ്ണൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എ.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ ശാസ്ത്രോത്സവ പരിപാടികൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹനൻ.പി.പി, ഷീന.കെ, കെ.ഗീത പ്രഥമാധ്യാപിക കെ.വനജാക്ഷി, സീനിയർ അധ്യാപകൻ ടി.വി.ബാലകൃഷ്ണൻ, മദർ പി.ടി.എ. പ്രസിഡണ്ട് സി. നിഷ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.ജയൻ അധ്യക്ഷത വഹിച്ചു.ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി കെ.വി.വിനോദ് സ്വാഗതവും സ്കൂൾ ലീഡർ അബിജ അർജുൻ നന്ദിയും പറഞ്ഞു.

     വെള്ളിയാഴ്ച 3 മണിക്ക് നടക്കുന്ന സമാപന യോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എ    .ജില്ലാ പ്രൊജക്ട് ഓഫീസർ കെ. രവിവർമ്മൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.               കെ.ചന്ദ്രൻ ,കെ.വി.വിനോദ് ,സി.ശശികുമാർ ,പ്രേമലത എന്നിവരാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്നത്. പി.ടി.എ,   മദർ പി.ടി.എ പ്രവർത്തകർക്കൊപ്പം ബി.അർ.സി ട്രെയിനർമാരായ പി.വി.ഉണ്ണി രാജൻ, പി.കെ.സരോജിനി, സ്നേഹലത, ഇന്ദുലേഖ, സുഹറാബി എന്നിവരും, സംഘാടനത്തിന് നേതൃത്വം വഹിക്കുന്നു.